Thursday, December 2, 2010

കരടിയും കാളയും

കരടിയും കാളയും അങ്ങോട്ടുമിങ്ങോട്ടും എന്നെ പിടിച്ചുവലിക്കാനും ഉലയ്ക്കാനും തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.

2009 ഡിസംബര്‍ രണ്ടു മുതലാണ് സ്റ്റോക് എക്സ്ചേഞ്ചിലെ സൂചികകള്‍ക്കൊപ്പം എന്റെ മനസ്സും ശരീരവും സഞ്ചരിച്ചുതുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷം പരീക്ഷണകാലമായിരുന്നു. വീട്ടിലെ എന്റെ കംപ്യൂട്ടറിനു മുന്നില്‍ എല്ലാ പകല്‍ദിവസങ്ങളും ഒരു പരീക്ഷണശാലയിലെന്ന പോലെ കൃത്യതയോടെയും അച്ചടക്കത്തോടെയും ഞാനിരുന്നു. രാത്രികാലങ്ങളില്‍ ഒാഹരികളെ പറ്റി പഠിച്ചു. ടെക്നിക്കല്‍ ചാര്‍ട്ടുകളിലൂടെ കയറിയിറങ്ങി തലപുകച്ചു.

ആദ്യം ഇക്വിറ്റികളില്‍, പിന്നെ ഒാപ്ഷനുകള്‍..പുട്ട്, കോള്...പിന്നീട് ഫ്യൂച്ചര്‍...എല്ലാറ്റിലും പരീക്ഷണങ്ങള്‍. എല്ലാ പരീക്ഷണങ്ങളുടെയും സമാനത ആദ്യം ദിവസങ്ങളിലെ ലാഭവും പിന്നീടുള്ള നഷ്ടങ്ങളും തന്നെ. പാഠങ്ങള്‍ ഒരോന്നായി പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ആദ്യം 10000 രൂപയായിരുന്നു എന്റെ മുതല്‍മുടക്ക്. ആ ദിവസങ്ങളില്‍ ലാഭം കിട്ടിയാല്‍ 100-300 രൂപ. അതിനപ്പുറം പോകില്ല. (നഷ്ടം പക്ഷേ, 1000 വരെ പോകും)

അപ്പോളോര്‍ത്തു, 10000 രൂപയ്ക്ക് 300 രൂപ ലാഭം കിട്ടിയാല്‍ ഒരു ലക്ഷം രൂപ ഇറക്കിയാല്‍ ആ ലാഭം 3000 ആയി മാറുമെല്ലോ. ദിവസം 3000 രൂപ കിട്ടിയാല്‍ ഒരു മാസം കുറഞ്ഞത് 60000 രൂപ. നഷ്ടം വരാതെ സൂക്ഷിച്ചു കളിച്ചാല്‍ ഉറപ്പായും 30000 എങ്കിലും കയ്യില്‍ കിട്ടും.

അങ്ങനെ 10000 എന്നത് മെല്ലെ മെല്ലെ ഒരു ലക്ഷത്തിലേക്ക് ഉയര്‍ത്തി. ദിവസം 3000 എന്ന സ്വപ്നം മാത്രം നടന്നില്ല. ചില ദിവസങ്ങളില്‍ 5000 രൂപയും 6000 രൂപയും വരെ കിട്ടി. മറ്റു ചില ദിവസങ്ങളില്‍ നഷ്ടം മാത്രം 15,000 കടന്നു.

ഏതെങ്കിലുമൊരു നല്ല കമ്പനിയുടെ കുറെ ഒാഹരികള്‍ വാങ്ങി വില കൂടുന്നതും കാത്തിരിക്കുക എന്നത് മണ്ടത്തരമാണെന്നും ഡേ ട്രേഡിങ് തന്നെയാണ് കാശുണ്ടാക്കാന്‍ എളുപ്പമാര്‍•മെന്നും ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. കാശു കുറെ പോയി തുടങ്ങിയതോടെ ആ ധാരണ തെറ്റാണെന്നു തോന്നി. ഡേ ട്രേഡിങ് കുറച്ചു. കുറെ ഒാഹരികള്‍ വാങ്ങിയിട്ടു. പക്ഷേ, അവിടെയും ഭാ•്യം തുണച്ചില്ല. ഞാന്‍ നിക്ഷേപം നടത്തിയതിനു തൊട്ടടുത്ത ദിവസങ്ങളില്‍ മാര്‍ക്കറ്റ് ഇടിഞ്ഞു. തിരിച്ചുകയറുന്നതു കാത്തിരിക്കാന്‍ ക്ഷമയില്ലാതിരുന്നതിനാല്‍ കുറെ കാശ് അങ്ങനെയും പോയി.

പിന്നീട്, ഒാപ്ഷനുകളിലും ഫ്യൂച്ചറുകളിലുമായി പരീക്ഷണം. ആദ്യ പരീക്ഷണങ്ങള്‍ വിജയവും പിന്നീടുള്ളവ പരാജയവും എന്ന രീതി തന്നെ അവിടെയും സംഭവിച്ചു.

നമ്മള്‍ എന്തു ചെയ്യുന്നോ അതിനെതിരായാവും മാര്‍ക്കറ്റ് പോവുക. ഒാഹരി കച്ചവടത്തില്‍ നിന്നു ലാഭം കിട്ടാന്‍ ഒരു മാര്‍•മേയുള്ളു. നമ്മള്‍ ഒരു ഒാഹരി വാങ്ങാന്‍ ഒാഡറിട്ടുവെന്നു വയ്ക്കുക. കംപ്യൂട്ടറില്‍ ഏതെങ്കിലും സോഫ്റ്റ്വെയര്‍ നമ്മളിട്ട 'ബൈ' എന്നത് 'സെല്‍' ആക്കി മാറ്റുക. സെല്‍ ചെയ്താല്‍ അത് ബൈ ആയി മാറുക. നമ്മള്‍ എടുക്കുന്ന തീരുമാനത്തിനു നേരെ എതിരാണു സംഭവിക്കുന്നതെങ്കില്‍ പിന്നെ എന്തു ചെയ്യും?

എല്ലാം അവസാനിപ്പിച്ചാലോ എന്നോര്‍ത്തുപോയ ദിവസങ്ങള്‍. അവിടെ നിന്നാണ് മെല്ലെ മെല്ലെ ഞാന്‍ പിടിച്ചുകയറിയത്. ചില ഒാഹരികളുടെ കയറ്റിറക്കങ്ങള്‍ കാണാപാഠമായി. എന്‍എസ്ഇയുടെ കയറ്റിറക്കങ്ങള്‍ അവയെ എങ്ങനെ ബാധിക്കുമെന്നു പഠിച്ചു. എന്റെ കണക്കൂകൂട്ടലുകള്‍ പിഴയ്ക്കുന്നു എന്ന് തോന്നുമ്പോള്‍ കളംവിടാനും ലാഭം കിട്ടിത്തുടങ്ങുമ്പോള്‍ അതിനെ ഉപയോ•പ്പെടുത്താനും പഠിച്ചു. അങ്ങനെ നഷ്ടത്തിന്റെ കണക്കുകള്‍ കുറഞ്ഞു.

ലാഭം കുറവും നഷ്ടം കൂടുതലും എന്ന അവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാവുന്നതെന്ന തിരിച്ചറിവാണ് എന്നെ ഇതിനു സഹായിച്ചത്. ചില ചിട്ടകളും നടപ്പില്‍ വരുത്തി.

1 എല്ലാ ദിവസവും കൃത്യമായി എല്ലാ ഇടപാടുകളും കുറിച്ചുവയ്ക്കാന്‍ തുടങ്ങി.

2. വെറുതെ ഏതെങ്കിലും ഒാഹരി വാങ്ങി ഊഹക്കച്ചവടം നടത്തുന്നത് നിര്‍ത്തി. കമ്പനിയെപ്പറ്റിയും അതിന്റെ ലാഭനഷ്ടങ്ങളെപ്പറ്റിയും കൃത്യമായി അറിവുള്ളവയില്‍ മാത്രമായി ട്രേഡിങ് ഒതുക്കി.

3. ഒാപ്ഷനുകള്‍ ഹോള്‍ഡ് ചെയ്ത് പണം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കി. ഒരുദിവസമോ, ഏറിയാല്‍ മൂന്നു ദിവസം വരെയോ മാത്രം ഒാപ്ഷനുകളും ഫ്യൂച്ചറും ഹോള്‍ഡ് ചെയ്തു.

4. കാലാവധി കഴിയാറായ ഒാപ്ഷനുകളെ പൂര്‍ണമായി മാറ്റനിര്‍ത്തി.

5. ഒാഹരിവിലയോട് ചേര്‍ന്നുള്ള കോള്‍, പുട്ട് ഒാപ്ഷനുകള്‍ മാത്രം കച്ചവടത്തിനായി തിരഞ്ഞെടുത്തു.

6. ഒരു ദിവസം ആദ്യം തന്നെ വലിയ നഷ്ടത്തില്‍തുടങ്ങിയാല്‍ ആ ദിവസം പിന്നീട് കച്ചവടം നടത്താതെ മാറിനിന്നു.

7. നമ്മുടെ കണക്കൂകൂട്ടലിനനുസരിച്ച് ഒാഹരിസൂചിക നീങ്ങുന്നു എന്ന് കാണുമ്പോള്‍ കൂടുതല്‍ കച്ചവടങ്ങള്‍ നടത്തി.

ഒരോ ദിവസവും ഒാഹരിക്കമ്പോളത്തില്‍ ഞാന്‍ നടത്തിയ ഇടപാടുകള്‍ കുറിച്ചുവയ്ക്കണമെന്നും ഒരു ഡയറിക്കുറിപ്പുപോലെ അത് ബ്ലോ•് ചെയ്യണമെന്നും തോന്നിയത് അങ്ങനെയാണ്. അതിനുള്ള ശ്രമമാണ് ഈ ബ്ലോ•്.

ആരെയെങ്കിലും ഒാഹരി വിപണിയിലേക്ക് അടുപ്പിക്കുകയോ ആര്‍ക്കെങ്കിലും ലാഭം ഉണ്ടാക്കിക്കൊടുക്കാമെന്ന് വാ•്ദാനം ചെയ്യുകയോ അല്ല ഈ ബ്ലോ•ിന്റെ ലക്ഷ്യം. എന്റെ ഇടപാടുകള്‍ എങ്ങനെയായിരുന്നു, എത്ര രൂപയാണ് എനിക്ക് ലാഭം കിട്ടിയത്, എന്തായിരുന്നു എന്റെ ആ ദിവസത്തെ പദ്ധതി, ആ കണക്കുകൂട്ടല്‍വിജയിച്ചോ? എങ്ങനെ? അതു പരാജയപ്പെട്ടുവെങ്കില്‍ അത് എങ്ങനെയാണ്...ഈ മട്ടില്‍ ഒരോ ദിവസത്തെയും അവതരിപ്പിക്കുകയാണ് ലക്ഷ്യം.

അപ്പോള്‍...ഇന്നു മുതല്‍ എന്റെ ഡയറിക്കുറിപ്പുകള്‍ തുടങ്ങുകയാണ്...കാളകളുടെയും കരടികളുടെയും ലോകത്തേക്കു....

1 comment: