Friday, December 3, 2010

ഡിസംബര്‍ 3

തുടര്‍ച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു ചെറിയൊരു തിരിച്ചടി നല്‍കിയാണ് ഡിസംബറിലെ ആദ്യ വെള്ളിയാഴ്ച കടന്നുപോയത്. അമേരിക്കന്‍, യൂറോപ്പ് സ്റ്റോക് എക്സ്ചേഞ്ചുകളിലെ ഏതാണ്ട് രണ്ടു ശതമാനത്തോളമുള്ള നേട്ടത്തിന്റെ പിന്തുണയുണ്ടായിട്ടും ഇന്ത്യയില്‍ ഒാഹരിസൂചിക കുതിച്ചുകയറിയില്ല.

ഫ്ലാറ്റായി തുടങ്ങിയ വിപണി അങ്ങനെ തന്നെ അവസാനിച്ചു. ചെറിയ ചില കയറ്റിറക്കങ്ങള്‍ മാത്രം. തിലക് നഗര്‍ ഇന്‍ഡസ്ട്രീസിലൂടെയായിരുന്നു ഇന്നുമെന്റെ തുടക്കം. വില 105 ല്‍ നില്‍ക്കുമ്പോള്‍ ഷോര്‍ട്ട് സെല്‍ നടത്തി. തിലക് നഗറിന്റെ രാവിലെയുണ്ടായ ഇടിവ് തുടരുമെന്ന പ്രതീക്ഷയിലായിരുന്നു അത്. 1000 ഒാഹരികളായിരുന്നു വിറ്റത്. എന്നാല്‍, വില തിരിച്ചുകയറിത്തുടങ്ങുന്നു എന്നറിഞ്ഞപ്പോഴേക്കും എന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടു. ഡേ ട്രേഡിങ്ങില്‍ ഇത്തരം ചില തടസ്സങ്ങള്‍ വലിയ നഷ്ടങ്ങള്‍ക്കു കാരണമാകാറുണ്ട്. ബ്രോക്കിങ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടപ്പോള്‍ വില വീണ്ടും കയറുന്നതായി അറിഞ്ഞു. 1000 രൂപ നഷ്ടത്തില്‍ അതു 106 ന് വാങ്ങി. ഉച്ചയോടെ നെറ്റ് കണക്ഷന്‍ വീണ്ടുമെത്തി. മാര്‍ക്കറ്റ് അപ്പോഴേക്കും കയറിത്തുടങ്ങിയിരുന്നു. സൂചിക ഉയര്‍ന്നാല്‍ തിലക് നഗറിന്റെ ഒാഹരിവിലയും ഉയരാറുണ്ട്. 1000 തിലക് നഗര്‍ വാങ്ങിക്കൊണ്ട് അടുത്ത കച്ചവടത്തിലേക്കു കടന്നു. അതും പിഴച്ചുവെന്ന് വൈകാതെ തിരിച്ചറിഞ്ഞു. 105.90ല്‍ വാങ്ങിയ ഒാഹരി 102.70ല്‍ വില്‍ക്കേണ്ടിവന്നു.
മൂവായിരത്തിനടുത്ത് നഷ്ടം.

റിലയന്‍സിന്റെ വില 1020 എത്തിയപ്പോള്‍ റിലയന്‍സ് 1000 പുട്ട് ഒാപ്ഷന്‍ വാങ്ങി. 17.50 പൈസക്ക്. 21.5 ല്‍ അതു വിറ്റു. 1000 രൂപ തിരിച്ചുകിട്ടി. ഐഎഫ്സിഐ 60 കോള്‍ ഒാപ്ഷന്‍ 5.5 ന് വാങ്ങി. അധികം കാത്തു നില്‍ക്കാതെ 5.7ന് വിറ്റു. 800 രൂപ കിട്ടി. പക്ഷേ, തൊട്ടുപിന്നാലെ അത് 6.20 വരെ പോയപ്പോള്‍ നിരാശ ബാധിക്കുകയും ചെയ്തു.

യൂണിടെക്കിന്റെ 65 കോള്‍ ഒാപ്ഷന്‍ 3.50 ന് വാങ്ങിയത് തിങ്കളാഴ്ച ലാഭമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഹോള്‍ഡ് ചെയ്യുകയും ചെയ്തു. ആകെ 2200 രൂപയുടെ നഷ്ടം. കമ്മിഷന്‍ നിരക്കുകള്‍ കൂടി കണക്കാക്കിയാല്‍ അത് 2500 എന്ന് റൌണ്ടാക്കാം.

Thursday, December 2, 2010

ഡിസംബര്‍ രണ്ട്

500 തിലക് നഗര്‍ ഇന്‍ഡസ്ട്രീസ് 112.50 ന് വിറ്റുകൊണ്ടായിരുന്നു തുടക്കം. അധികം വൈകാതെ അത് 110ലെത്തി. 110.10 ന് അതു തിരിച്ചുവാങ്ങി. ആ വകയില്‍ 1200 രൂപ കിട്ടി. നല്ല തുടക്കം.

എഡ്യൂകോമ്പ് 591.50 ല്‍ തൊട്ടതു കണ്ടപ്പോള്‍ അവിടെ 50 എണ്ണം വിറ്റു. 586.50 ല്‍ തിരിച്ചുവാങ്ങി. 250 രൂപ അവിടെയും കിട്ടി.

വൈകാതെ യൂണിടെക് വില്‍ക്കാനായി. നാലു രൂപയ്ക്കു വാങ്ങിയത് 4.90 വരെ ഉയര്‍ന്നു. 5 ന് വില്‍ക്കാനായി ഇട്ടിരുന്നു. പക്ഷേ, അഞ്ച് എത്തും മുന്‍പ് അത് തിരിച്ചിറങ്ങാന്‍ തുടങ്ങി. 4.5യില്‍ എത്തിയപ്പോള്‍ വിറ്റു. രണ്ടായിരമെങ്കില്‍ രണ്ടായിരം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നലെ വാങ്ങിയത് അത് ഇന്ന് 1000 കടക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. അതു നടന്നു. 1000 കടന്ന് 1008 വരെയെത്തി. വില്‍ക്കാന്‍ മുട്ടിയിട്ടു വയ്യാത്ത അവസ്ഥ. 42 ന് വില്‍ക്കാനിട്ടിരുന്നു. മൂന്നു മണിയായിട്ടും വില 1011 വരെയെത്തിയിട്ടും കോള്‍ ഒാപ്ഷന്‍ 40 കടന്നില്ല. ഒടുവില്‍ 37.50ന് വിറ്റൊഴിഞ്ഞു. 2200 രൂപ ലാഭം.

ആകെ മൊത്തം 5650.

നാളത്തേക്ക് ഒന്നും വാങ്ങിയിട്ടില്ല. മാര്‍ക്കറ്റില്‍ ഉടന്‍ തന്നെ വീണ്ടുമൊരു പൊട്ടലിനു സാധ്യതയുണ്ടെന്ന തോന്നലുകൊണ്ടാണത്.

ഡിസംബറിലെ ആദ്യ രണ്ടു ദിവസങ്ങള്‍ പോലെ തന്നെ ബാക്കി ദിവസങ്ങളുമായിരുന്നെങ്കില്‍....

ഡിസംബര്‍ 1 - നല്ല തുടക്കം

യൂണിടെക് ഇപ്പോള്‍ അതിന്റെ ഏറ്റവും താന്ന അവസ്ഥയിലാണ്. 52 ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിരക്കായ 46ല്‍ തൊട്ട് തിരിച്ചുകയറിത്തുടങ്ങിയ യൂണിടെക് 62-63 രൂപ വിലയില്‍ നില്‍ക്കുന്നു. ചെറിയൊരു തിരിച്ചുവരവിന്റെ സൂചനകള്‍ രണ്ടുമൂന്നു ദിവസമായി കാണുന്നുമുണ്ട്. എന്നാല്‍, ഒരു ദിവസം കൊണ്ടു മാത്രം വലിയൊരു കുതിച്ചുകയറ്റത്തിനു സാധ്യതയുമില്ല. എല്‍ഐസി വായ്പാകുംഭകോണം ഒാഹരിവിപണിയില്‍ മൊത്തത്തിലുണ്ടാക്കിയ ഒരു അനിശ്ചിതാവസ്ഥ പൂര്‍ണമായി മാറിയിട്ടുമില്ല.

യൂണിടെക്കിന്റെ ഡിസംബര്‍ 65 കോള്‍ ഒാപ്ഷന്‍ 3.60 പൈസക്ക് വാങ്ങുകയാണ് ഇന്ന് ആദ്യം ചെയ്തത്. വില 65 നോട് അടുത്താല്‍ ഒാപ്ഷന്‍ നിരക്ക് 5 രൂപ വരെയെത്താം. ഒരു ലോട്ടില്‍ 4000 എണ്ണം. അങ്ങനെയെങ്കില്‍ 5000 രൂപയ്ക്കു മേല്‍ ലാഭം പ്രതീക്ഷിക്കുകയും ചെയ്യാം.

രണ്ടാമതായി വാങ്ങിയത് ടാറ്റാ സ്റ്റീലിന്റെ 600 കോള്‍ ഒാപ്ഷനാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒാഹരി വിപണിയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് 600നു താഴേക്കു പോയ ടാറ്റാ സ്റ്റീല്‍ ഉറപ്പായും വീണ്ടും 600 കടക്കുമെന്ന ആത്മവിശ്വാസമാണ് ഈ ഒാപ്ഷന്‍ 25 ന് വാങ്ങാന്‍ പ്രേരിപ്പിച്ചത്.

ഇന്നത്തെ രണ്ടു കണക്കുകൂട്ടലുകളും പൂര്‍ണമായും ശരിയായില്ലെങ്കിലും ലാഭം കൊണ്ടുവന്നു തന്നു.
യൂണിടെക് 4.20 നും ടാറ്റാസ്റ്റീല്‍ 28.5 രൂപയ്ക്കും വിറ്റു ലാഭമെടുത്തു. ഇവ രണ്ടും കൂടുതല്‍ ഉയരുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും കാത്തിരിക്കാന്‍ ക്ഷമയില്ലായിരുന്നു.

യൂണിടെക് 2400 രൂപയും ടാറ്റാ സ്റ്റീല്‍ 3500 രൂപയും കൊണ്ടുവന്നു തന്നു.
ഇടവേളയില്‍ 500 തിലക് നഗര്‍ ഇന്‍ഡസ്ട്രീസ് വാങ്ങി വിറ്റു. അതില്‍ നിന്ന് 330 കിട്ടി.
ഡിസംബറിലെ ആദ്യ ദിനം ശുഭകരമായ തുടക്കം.

ആകെ 6230 രൂപയുടെ ലാഭം. കമ്മിഷന്‍ തുക കുറച്ചാലും ആറായിരിത്തിനടുത്ത് കിട്ടും.
നാളത്തേക്ക് വാങ്ങിയിട്ടത് - റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1000 കോള്‍ ഒാപ്ഷന്‍ 28.5 ന്.
യൂണിടെക് 65 കോള്‍ ഒാപ്ഷന്‍ നാലു രൂപയ്ക്ക്.

കരടിയും കാളയും

കരടിയും കാളയും അങ്ങോട്ടുമിങ്ങോട്ടും എന്നെ പിടിച്ചുവലിക്കാനും ഉലയ്ക്കാനും തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.

2009 ഡിസംബര്‍ രണ്ടു മുതലാണ് സ്റ്റോക് എക്സ്ചേഞ്ചിലെ സൂചികകള്‍ക്കൊപ്പം എന്റെ മനസ്സും ശരീരവും സഞ്ചരിച്ചുതുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷം പരീക്ഷണകാലമായിരുന്നു. വീട്ടിലെ എന്റെ കംപ്യൂട്ടറിനു മുന്നില്‍ എല്ലാ പകല്‍ദിവസങ്ങളും ഒരു പരീക്ഷണശാലയിലെന്ന പോലെ കൃത്യതയോടെയും അച്ചടക്കത്തോടെയും ഞാനിരുന്നു. രാത്രികാലങ്ങളില്‍ ഒാഹരികളെ പറ്റി പഠിച്ചു. ടെക്നിക്കല്‍ ചാര്‍ട്ടുകളിലൂടെ കയറിയിറങ്ങി തലപുകച്ചു.

ആദ്യം ഇക്വിറ്റികളില്‍, പിന്നെ ഒാപ്ഷനുകള്‍..പുട്ട്, കോള്...പിന്നീട് ഫ്യൂച്ചര്‍...എല്ലാറ്റിലും പരീക്ഷണങ്ങള്‍. എല്ലാ പരീക്ഷണങ്ങളുടെയും സമാനത ആദ്യം ദിവസങ്ങളിലെ ലാഭവും പിന്നീടുള്ള നഷ്ടങ്ങളും തന്നെ. പാഠങ്ങള്‍ ഒരോന്നായി പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ആദ്യം 10000 രൂപയായിരുന്നു എന്റെ മുതല്‍മുടക്ക്. ആ ദിവസങ്ങളില്‍ ലാഭം കിട്ടിയാല്‍ 100-300 രൂപ. അതിനപ്പുറം പോകില്ല. (നഷ്ടം പക്ഷേ, 1000 വരെ പോകും)

അപ്പോളോര്‍ത്തു, 10000 രൂപയ്ക്ക് 300 രൂപ ലാഭം കിട്ടിയാല്‍ ഒരു ലക്ഷം രൂപ ഇറക്കിയാല്‍ ആ ലാഭം 3000 ആയി മാറുമെല്ലോ. ദിവസം 3000 രൂപ കിട്ടിയാല്‍ ഒരു മാസം കുറഞ്ഞത് 60000 രൂപ. നഷ്ടം വരാതെ സൂക്ഷിച്ചു കളിച്ചാല്‍ ഉറപ്പായും 30000 എങ്കിലും കയ്യില്‍ കിട്ടും.

അങ്ങനെ 10000 എന്നത് മെല്ലെ മെല്ലെ ഒരു ലക്ഷത്തിലേക്ക് ഉയര്‍ത്തി. ദിവസം 3000 എന്ന സ്വപ്നം മാത്രം നടന്നില്ല. ചില ദിവസങ്ങളില്‍ 5000 രൂപയും 6000 രൂപയും വരെ കിട്ടി. മറ്റു ചില ദിവസങ്ങളില്‍ നഷ്ടം മാത്രം 15,000 കടന്നു.

ഏതെങ്കിലുമൊരു നല്ല കമ്പനിയുടെ കുറെ ഒാഹരികള്‍ വാങ്ങി വില കൂടുന്നതും കാത്തിരിക്കുക എന്നത് മണ്ടത്തരമാണെന്നും ഡേ ട്രേഡിങ് തന്നെയാണ് കാശുണ്ടാക്കാന്‍ എളുപ്പമാര്‍•മെന്നും ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. കാശു കുറെ പോയി തുടങ്ങിയതോടെ ആ ധാരണ തെറ്റാണെന്നു തോന്നി. ഡേ ട്രേഡിങ് കുറച്ചു. കുറെ ഒാഹരികള്‍ വാങ്ങിയിട്ടു. പക്ഷേ, അവിടെയും ഭാ•്യം തുണച്ചില്ല. ഞാന്‍ നിക്ഷേപം നടത്തിയതിനു തൊട്ടടുത്ത ദിവസങ്ങളില്‍ മാര്‍ക്കറ്റ് ഇടിഞ്ഞു. തിരിച്ചുകയറുന്നതു കാത്തിരിക്കാന്‍ ക്ഷമയില്ലാതിരുന്നതിനാല്‍ കുറെ കാശ് അങ്ങനെയും പോയി.

പിന്നീട്, ഒാപ്ഷനുകളിലും ഫ്യൂച്ചറുകളിലുമായി പരീക്ഷണം. ആദ്യ പരീക്ഷണങ്ങള്‍ വിജയവും പിന്നീടുള്ളവ പരാജയവും എന്ന രീതി തന്നെ അവിടെയും സംഭവിച്ചു.

നമ്മള്‍ എന്തു ചെയ്യുന്നോ അതിനെതിരായാവും മാര്‍ക്കറ്റ് പോവുക. ഒാഹരി കച്ചവടത്തില്‍ നിന്നു ലാഭം കിട്ടാന്‍ ഒരു മാര്‍•മേയുള്ളു. നമ്മള്‍ ഒരു ഒാഹരി വാങ്ങാന്‍ ഒാഡറിട്ടുവെന്നു വയ്ക്കുക. കംപ്യൂട്ടറില്‍ ഏതെങ്കിലും സോഫ്റ്റ്വെയര്‍ നമ്മളിട്ട 'ബൈ' എന്നത് 'സെല്‍' ആക്കി മാറ്റുക. സെല്‍ ചെയ്താല്‍ അത് ബൈ ആയി മാറുക. നമ്മള്‍ എടുക്കുന്ന തീരുമാനത്തിനു നേരെ എതിരാണു സംഭവിക്കുന്നതെങ്കില്‍ പിന്നെ എന്തു ചെയ്യും?

എല്ലാം അവസാനിപ്പിച്ചാലോ എന്നോര്‍ത്തുപോയ ദിവസങ്ങള്‍. അവിടെ നിന്നാണ് മെല്ലെ മെല്ലെ ഞാന്‍ പിടിച്ചുകയറിയത്. ചില ഒാഹരികളുടെ കയറ്റിറക്കങ്ങള്‍ കാണാപാഠമായി. എന്‍എസ്ഇയുടെ കയറ്റിറക്കങ്ങള്‍ അവയെ എങ്ങനെ ബാധിക്കുമെന്നു പഠിച്ചു. എന്റെ കണക്കൂകൂട്ടലുകള്‍ പിഴയ്ക്കുന്നു എന്ന് തോന്നുമ്പോള്‍ കളംവിടാനും ലാഭം കിട്ടിത്തുടങ്ങുമ്പോള്‍ അതിനെ ഉപയോ•പ്പെടുത്താനും പഠിച്ചു. അങ്ങനെ നഷ്ടത്തിന്റെ കണക്കുകള്‍ കുറഞ്ഞു.

ലാഭം കുറവും നഷ്ടം കൂടുതലും എന്ന അവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാവുന്നതെന്ന തിരിച്ചറിവാണ് എന്നെ ഇതിനു സഹായിച്ചത്. ചില ചിട്ടകളും നടപ്പില്‍ വരുത്തി.

1 എല്ലാ ദിവസവും കൃത്യമായി എല്ലാ ഇടപാടുകളും കുറിച്ചുവയ്ക്കാന്‍ തുടങ്ങി.

2. വെറുതെ ഏതെങ്കിലും ഒാഹരി വാങ്ങി ഊഹക്കച്ചവടം നടത്തുന്നത് നിര്‍ത്തി. കമ്പനിയെപ്പറ്റിയും അതിന്റെ ലാഭനഷ്ടങ്ങളെപ്പറ്റിയും കൃത്യമായി അറിവുള്ളവയില്‍ മാത്രമായി ട്രേഡിങ് ഒതുക്കി.

3. ഒാപ്ഷനുകള്‍ ഹോള്‍ഡ് ചെയ്ത് പണം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കി. ഒരുദിവസമോ, ഏറിയാല്‍ മൂന്നു ദിവസം വരെയോ മാത്രം ഒാപ്ഷനുകളും ഫ്യൂച്ചറും ഹോള്‍ഡ് ചെയ്തു.

4. കാലാവധി കഴിയാറായ ഒാപ്ഷനുകളെ പൂര്‍ണമായി മാറ്റനിര്‍ത്തി.

5. ഒാഹരിവിലയോട് ചേര്‍ന്നുള്ള കോള്‍, പുട്ട് ഒാപ്ഷനുകള്‍ മാത്രം കച്ചവടത്തിനായി തിരഞ്ഞെടുത്തു.

6. ഒരു ദിവസം ആദ്യം തന്നെ വലിയ നഷ്ടത്തില്‍തുടങ്ങിയാല്‍ ആ ദിവസം പിന്നീട് കച്ചവടം നടത്താതെ മാറിനിന്നു.

7. നമ്മുടെ കണക്കൂകൂട്ടലിനനുസരിച്ച് ഒാഹരിസൂചിക നീങ്ങുന്നു എന്ന് കാണുമ്പോള്‍ കൂടുതല്‍ കച്ചവടങ്ങള്‍ നടത്തി.

ഒരോ ദിവസവും ഒാഹരിക്കമ്പോളത്തില്‍ ഞാന്‍ നടത്തിയ ഇടപാടുകള്‍ കുറിച്ചുവയ്ക്കണമെന്നും ഒരു ഡയറിക്കുറിപ്പുപോലെ അത് ബ്ലോ•് ചെയ്യണമെന്നും തോന്നിയത് അങ്ങനെയാണ്. അതിനുള്ള ശ്രമമാണ് ഈ ബ്ലോ•്.

ആരെയെങ്കിലും ഒാഹരി വിപണിയിലേക്ക് അടുപ്പിക്കുകയോ ആര്‍ക്കെങ്കിലും ലാഭം ഉണ്ടാക്കിക്കൊടുക്കാമെന്ന് വാ•്ദാനം ചെയ്യുകയോ അല്ല ഈ ബ്ലോ•ിന്റെ ലക്ഷ്യം. എന്റെ ഇടപാടുകള്‍ എങ്ങനെയായിരുന്നു, എത്ര രൂപയാണ് എനിക്ക് ലാഭം കിട്ടിയത്, എന്തായിരുന്നു എന്റെ ആ ദിവസത്തെ പദ്ധതി, ആ കണക്കുകൂട്ടല്‍വിജയിച്ചോ? എങ്ങനെ? അതു പരാജയപ്പെട്ടുവെങ്കില്‍ അത് എങ്ങനെയാണ്...ഈ മട്ടില്‍ ഒരോ ദിവസത്തെയും അവതരിപ്പിക്കുകയാണ് ലക്ഷ്യം.

അപ്പോള്‍...ഇന്നു മുതല്‍ എന്റെ ഡയറിക്കുറിപ്പുകള്‍ തുടങ്ങുകയാണ്...കാളകളുടെയും കരടികളുടെയും ലോകത്തേക്കു....